Saturday 22 December 2012

വെണ്മണിക്കുടിയിലേക്കൊരു തീര്ത്ഥയാത്ര.





നാല്‍പ്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആഹ്ലാദം തുളുമ്പുന്ന ഓര്‍മ്മയായി-വെണ്മണിക്കുടിയാത്ര. ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനസ്സ് ഇത്രയും നിറഞ്ഞൊരു യാത്ര അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല.

Tuesday 4 December 2012

ഒരു അള്‍ത്താര ബാലന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍.




     യൌസേഫ് പിതാവിന്‍റെ തിരുനാളാണ്. ചടങ്ങുകള്‍ക്കിടയില്‍ യൌസേഫ് പിതാവ് ഉണ്ണി ഈശോയേ എടുത്തിരിക്കുന്ന പ്രതിമ  ആഘോഷമായി പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടക്കുന്നു. വലിയ അള്‍ത്താരയില്‍ വെച്ചിരിക്കുന്ന രൂപം പ്രാര്‍ഥനയുടെ അകമ്പടിയോടെ വൈദീകന്‍ ചെറിയ അള്‍ത്താരയിലേക്ക് എടുത്തു കൊണ്ട് പോകുകയാണ്. പെട്ടെന്നു വിശ്വാസികളുടെ ഇടയില്‍ ഒരു ചിരി പടര്‍ന്നു. ഉണ്ണി ഈശോയുടെ തല പ്രതിമയില്‍ നിന്നടര്‍ന്ന് കാര്‍പ്പറ്റിലൂടെ ഉരുണ്ടു പോയി. ഇതറിയാതെ കപ്യാര്‍ കുര്യന്‍ ചേട്ടന്‍ തന്‍റെ പരുപരുത്ത ശബ്ദത്തില്‍ പാട്ട് തുടരുന്നു. കുന്നപ്പള്ളി അച്ചന് ക്ഷോഭം കൊണ്ട് കണ്ണു കാണാതായി. കപ്യാരെ കൈ കാട്ടി വിളിച്ച് ആ വൃദ്ധന്‍റെ ചെവി പിടിച്ച് തിരിച്ചു, അച്ചന്‍ ആ ക്ഷോഭം തീര്‍ത്തു. ചെവി തിരുമ്മിക്കൊണ്ട് തെറിച്ചു പോയ ഉണ്ണി ഈശോയുടെ തല തപ്പിയെടുത്തു കുര്യന്‍ ചേട്ടന്‍. അത് പതുക്കെ കഴുത്തിന് മുകളില്‍ വെച്ചു. ചടങ്ങുകള്‍ വീണ്ടും ഭക്തി നിര്‍ഭരമായി.

Friday 16 November 2012

വിനോദ് റായിയുടെ ഒന്നേമുക്കാല്‍ ലക്ഷം കോടി.





    സുപ്രീം കോടതി പറഞ്ഞത് പോലെ സി.എ.ജി വെറും കണക്കപ്പിള്ളയല്ല. അത് ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ഒരു ഭരണഘടനാ സ്ഥാപനമാണ്. വ്യക്തിയുടെ തലതിരിഞ്ഞ മനോവ്യാപാരങ്ങളല്ല, വ്യക്തി മോഹങ്ങളല്ല, സി.എ.ജി റിപ്പോര്‍ട്ടിനു ആധാരമാകേണ്ടത്. സത്യവും നീതിയും മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ബന്ധമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും കണക്കുകളും പരിശോധിക്കുകയാണ് സി.എ.ജി യുടെ ജോലി. പക്ഷേ വ്യക്തി താല്‍പ്പര്യങ്ങളുള്ളവര്‍ ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത്  വരുമ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളുടെ ഉത്തമോദാഹരണമാണ് അടുത്തകാലത്ത് കോളിളക്കം സൃഷ്ടിച്ച  സി.എ.ജിയുടെ രണ്ടു റിപ്പോര്‍ട്ടുകള്‍. അതില്‍ ഒന്നിന്‍റെ കാപട്യം ഇപ്പോള്‍ പൊളിഞ്ഞു.

Friday 9 November 2012

നാണുവിന്‍റെ ഭാര്യ.




    നാണുവിന്‍റെ ഭാര്യയെ ഞാന്‍ കണ്ടിട്ടില്ല. എന്നെപ്പോലെ ആ സ്ത്രീയെ കാണാത്ത ധാരാളം പേര്‍ നാട്ടിലുണ്ടായിരുന്നു. പക്ഷേ നാണുവിന്‍റെ ഭാര്യയുടെ സൌന്ദര്യവും, സ്വഭാവഗുണങ്ങളും ഞങ്ങള്‍ക്കെല്ലാം മനപാഠമായിരുന്നു.

Saturday 27 October 2012

ഒരു സര്‍ദാര്‍ജിയിന്‍ കനിവ്.





    വളരെ പെട്ടെന്നുള്ള ഒരു യാത്രയായിരുന്നു അത്. അതുകൊണ്ടുതന്നെ റിസര്‍വേഷന്‍ ഒന്നും തരമായില്ല. അല്ലെങ്കിലും വീട്ടിലിരുന്നു എങ്ങോട്ടും യാത്ര പ്ലാന്‍ ചെയ്യാനും, ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയുന്ന കാലവുമായിരുന്നില്ല. ഇന്‍റര്‍നെറ്റ് പോയിട്ടു എസ്.റ്റി.ഡി തന്നെ വ്യാപകമല്ലാത്ത കാലം.1988 ല്‍ അടിയന്തിരമായി ബോംബേയ്ക്ക് പോകേണ്ടി വരുന്ന മറ്റുള്ളവരെപ്പോലെ ഞാനും  പല വാതിലുകളിലും മുട്ടി നോക്കി. ഫലം നാസ്തി. അവസാനം ജനറല്‍ കംപാര്‍ട്മെന്‍റില്‍ കയറി ബോംബെയില്‍ എത്തി. രണ്ടു ദിവസം അവിടെനിന്നു എങ്ങിനെയെങ്കിലും റിട്ടേണ്‍ ടിക്കറ്റ് ഒപ്പിച്ചു പോരാം എന്നു കരുതിയിരിക്കുമ്പോള്‍ കൃഷിസ്ഥലത്ത് ഒരു ചുമട്ടുതൊഴിലാളി പ്രശ്നം . ഉടനെ തിരിച്ചെത്തിയെ പറ്റൂ എന്ന അവസ്ഥയില്‍ ഞാന്‍ തിരിച്ചു വണ്ടി കയറി.

Sunday 14 October 2012

ശകുന്തള



 
    ശകുന്തള എന്നുകേള്‍ക്കുമ്പോഴേ കാളിദാസന്‍റെ ശകുന്തളയിലേക്കു നമ്മുടെ മനസ്സെത്തും. കാലില്‍ത്തറച്ച മുള്ളെടുക്കാനെന്നുള്ള വ്യാജേന ദുഷന്തനെ ഒളിഞ്ഞു നോക്കുന്ന ശകുന്തള. കള്ളവും ചതിയുമറിയാത്ത താപസകന്യക. അനസൂയയും പ്രിയംവദയും ഇരുപുറവും നിന്നു സ്നേഹം ചൊരിയുന്ന പ്രിയ സഖി. കാളിദാസന്‍റെ വിശ്വോത്തരനാടകം വായിച്ചിട്ടുള്ളവരുടെ മനസ്സിലേക്ക് അതിമനോഹരമായ ആ നാലാം അങ്കവും താത കണ്വന്‍റെ പാരവശ്യവും ഒക്കെ തിരയടിച്ചുവരാം.

Thursday 27 September 2012

മൊബൈലിനും മുമ്പ്




    “സര്‍, താമരശേരി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഇന്നുച്ചകഴിഞ്ഞു ബസ്സപകടം വല്ലതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ?”
“ഇല്ലല്ലോ ,ആരാ?”
ഞാന്‍ സ്വയം പരിചയപ്പെടുത്തി. കാര്യവും പറഞ്ഞു. അടുത്തത് മുക്കം പോലീസ് സ്റ്റേഷനാണ്. പിന്നെ അരീക്കോട് . അവസാനം എടവണ്ണ പോലീസ് സ്റ്റേഷനും കഴിഞ്ഞു. ഒരിടത്തും അപകടമൊന്നുമില്ല. പക്ഷേ ആള്‍ ഇതുവരെ എത്തിയിട്ടില്ല. നാലുമണിക്ക് സ്കൂളില്‍ നിന്നു പോന്നതാണ്. എനിക്കിരിപ്പുറച്ചില്ല. ഞാന്‍ വീണ്ടും നിലമ്പൂരങ്ങാടിയിലേക്ക് തിരിച്ചു.

Friday 14 September 2012

അവാര്‍ഡിന്‍റെ പൊന്‍ തിളക്കത്തില്‍


  

    ആ വര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡീസിന്‍റെ ലിസ്റ്റില്‍ ദാമോദരന്‍റെ പേര് കണ്ടപ്പോള്‍ എനിക്കു വല്ലാത്ത ആഹ്ലാദം തോന്നി. ദാമോദരന്‍ എന്‍റെ സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് ഒരു ക്ലബ്ബില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചാറ്  വര്‍ഷത്തെ പരിചയവും സൌഹൃദവുമുണ്ട്. കുടുംബവുമായും പരിചയത്തിലാണ്. രമണിയുടെ അച്ഛന്‍ കുഞ്ഞുണ്ണി നായരുടെ തോട്ടം എന്‍റെ കൃഷിയിടത്തിന് അടുത്താണു  . അങ്ങിനെയും പരിചയമുണ്ട്.

Sunday 2 September 2012

ഒരു മലവെള്ളപ്പാച്ചിലില്‍.





    കാട് കാണാനുള്ള മോഹത്തില്‍ പോയതാണ്. പതിവ് പോലെ സര്‍വ്വയര്‍മാരാണ് പ്രചോദനം. ഉടുമ്പന്നൂര്‍ കഴിഞ്ഞു ചീനിക്കുഴി. വീണ്ടും അഞ്ചാറ് കിലോമീറ്റര്‍ നടന്നാല്‍ സ്ഥലത്തെത്താം. അവിടെ ഗിരിവര്‍ഗ്ഗക്കാരനായ ബാലകൃഷ്ണനുണ്ട്. അയാളുടെ വീട്ടില്‍ താമസിക്കാം. പിറ്റെന്നു അയാളോടൊപ്പം മലകള്‍ കയറി ഇടുക്കിയിലെത്താം.എല്ലാക്കാര്യങ്ങളും സര്‍വ്വേയര്‍ ജനാര്‍ദ്ദനന്‍ പിള്ളയും കൂട്ടുകാരും പറഞ്ഞുറപ്പിച്ചിട്ടുണ്ട്. അധ്യാപക സമരം കൊണ്ട് കോളേജ് അടച്ചിരിക്കയാണ്. ഞങ്ങള്‍ (ജോസഫ്, ജോര്‍ജ് വര്‍ക്കി പിന്നെ ഞാനും ) പുറപ്പെട്ടു.നാലുമണിയോടെ ബാലകൃഷ്ണന്‍റെ വീട്ടിലെത്തി. ബാലകൃഷ്ണന്‍ സമ്പന്നനാണു. ധാരാളം ഭൂസ്വൊത്ത്. എറണാകുളത്തു ഉന്നത ഉദ്യോഗങ്ങളിലിരിക്കുന്ന ജ്യേഷ്ഠന്‍മാരുടെ കൃഷികള്‍ നോക്കി നടത്തുന്നതും ബാലകൃഷ്ണനാണ്. വൈക്കോല്‍ മേഞ്ഞതെങ്കിലും വലിയ നാലുകെട്ടാണ്പുര. എന്തിന്, ഭാര്യമാര്‍ തന്നെ  രണ്ടെണ്ണം. പ്രായം ഒരു മുപ്പത്തഞ്ചിലധികമില്ല. രസികനായ ബാലകൃഷ്ണന്‍ ഞങ്ങളെ സഹര്‍ഷം സ്വീകരിച്ചു.

Wednesday 22 August 2012

ചില ഓഡിറ്റിങ് അനുഭവങ്ങള്‍.




    അടുത്ത കാലത്ത് സി.എ.ജി ആണ് താരം.പ്രതിപക്ഷങ്ങള്‍ക്കൊന്നും ഒരു ഇഫക്റ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ല. സി.പി.എം, പ്രകാശ് കാരാട്ടിന്‍റെ ഉജ്വല നേതൃത്വത്തിന്‍റെ മികവില്‍ നാടുമുഴുവനും (ജയിലില്‍ പോലും)  പടര്‍ന്ന് പന്തലിക്കുന്ന തിരക്കില്‍, ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും ഒന്നും കാണാനും പറയാനുമുള്ള അവസ്ഥയിലല്ല. അഭിപ്രായവ്യത്യാസം എന്തുണ്ടെങ്കിലും ഒരു തിരുത്തല്‍ ശക്തിയായിരുന്നു അവര്‍. എന്തു ചെയ്യാം. പിന്നെ ഉള്ളത് ബി.ജെ.പി യാണ്. അഴിമതി നടത്തും, വിമാനറാഞ്ചികള്‍ക്ക് മന്ത്രിയെത്തന്നെ എസ്കോര്‍ട്ട് വിടും എന്നൊക്കെയല്ലാതെ അഴിമതി കണ്ടുപിടിക്കാനുള്ള ക്ഷമയും മിടുക്കുമൊന്നും ബി.ജെ.പ്പിക്കില്ല. അഭിനവ ഗാന്ധി അണ്ണാ ഹസ്സാരെയും നാഴികയ്ക്ക് നാല്‍പ്പതുവട്ടം അഭിപ്രായം മാറുന്ന മുനിവര്യന്‍ രാംദേവും ഒക്കെ സഹായിക്കാന്‍ നോക്കിയിട്ടും ബി.ജെ.പി നന്നാകുന്നില്ല. ഇടക്കിടക്ക് ഒരു ഓലപ്പടക്കത്തിനെങ്കിലും തീ കൊളുത്തുന്നത് നമ്മുടെ സുബ്രമണ്യ സ്വാമിയാണ്. മൂപ്പര്‍ക്ക് പക്ഷേ നേരിട്ടു യുദ്ധം ചെയ്യുന്ന ശീലമില്ല. ഈ ദയനീയ അവസ്ഥയിലാണ് നമ്മുടെ സി.എ.ജി ഈ നാടിന്‍റെ രക്ഷകനായി അവതരിച്ചിരിക്കുന്നത്. ഒരു ഭാരത രത്നം, ഏറ്റവും കുറഞ്ഞത് ഒരു പത്മ വിഭൂഷണം എങ്കിലും കൊടുത്ത് ആദരിക്കേണ്ട സേവനമാണ് അദ്ദേഹം ഈ നാടിന് വേണ്ടി ചെയ്തിരിക്കുന്നത്.

Thursday 16 August 2012

പരസ്സഹായം ജീവിത വ്രതമാക്കിയവര്‍




    പുതിയ സീറ്റില്‍ ഞാന്‍ ചാര്‍ജെടുക്കുമ്പോള്‍ പഴയ ഓഫീസ്സര്‍ ഒരു ചെറുപ്പക്കാരനെ എനിക്കു പരിചയപ്പെടുത്തി. “ഇത് മിസ്റ്റര്‍ ചുരുളി ,നമ്മുടെ ഓഫീസ്സ്  യഥാര്‍ത്ഥത്തില്‍ മുന്നോട്ട് കൊണ്ട് പോകുന്നത് ഇയാളാണ്” ഉയരം കുറഞ്ഞു തടിച്ചു കൊഴുത്തൊരു കാളക്കുട്ടിയുടെ ചേലുള്ള ആ ചെറുപ്പക്കാരന്‍, പറഞ്ഞത് ശരിയാണെന്ന മട്ടില്‍ എന്നെ നോക്കി പുഞ്ചിരിച്ചു.

Wednesday 1 August 2012

ചാട്ടത്തില്‍ പിഴച്ചവര്‍.




    മാസത്തിന്‍റെ ആദ്യ ദിവസങ്ങളിലൊന്നില്‍ എനിക്കൊരു സന്ദര്‍ശകനുണ്ടാകുമായിരുന്നു.ഒരു പഴയ പരിചയക്കാരന്‍.1974-75 കാലയളവില്‍,ട്രെയിനിങ് സെന്‍ററില്‍ വെച്ചാണ് പരിചയം.അടുത്ത പരിചയമൊന്നുമല്ല.കാണുമ്പോള്‍ ചിരിക്കും,ചിലപ്പോള്‍ എന്തെങ്കിലും പറയും അത്രമാത്രം.ഗോപാലകൃഷ്ണനെ ആരും ശ്രദ്ധിക്കും.ചുറ്റുമുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കുന്ന എന്തോ ഒന്നു അയാളിലുണ്ടായിരുന്നു.ചടുലമായി സംസാരിക്കാനുള്ള അയാളുടെ കഴിവാകാം.ഇടക്ക് ഒരു കണ്ണടച്ച് നിങ്ങളോട് സംവദിക്കുന്ന രീതിയാകാം.എന്തായാലും നിങ്ങള്‍ക്കയാളെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല.ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം.പക്ഷേ അവഗണിക്കാന്‍ കഴിയില്ല.

Thursday 19 July 2012

ജീവിതത്തിന്‍റെ ചില നേര്‍ക്കാഴ്ചകള്‍




    “എനിക്കു ജീവിക്കണമെന്നില്ല.എനിക്കു മരിച്ചാല്‍ മതി.” സുദൃഢമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ നിശ്ശബ്ദനായി. ഒരു നിമിഷ നേരത്തേക്ക് എന്താണ് പറയേണ്ടത് എന്നു നിശ്ചയമില്ലാത്ത അവസ്ഥയിലായി. നഗരത്തിലെ ആശുപത്രിയില്‍ ഐ.സി.യു വില്‍ കിടക്കുന്ന അദ്ദേഹത്തെ കാണാന്‍ ചെന്നതായിരുന്നു ഞാന്‍. മകന്‍റെ ഭാര്യയുടെ ബന്ധുവും ഞാനും കൂടിയാണ് ആ മുറിയിലേക്ക് കയറിയത്. ഒരു മിനുറ്റ് കൊണ്ട് ബന്ധുവിനെ പറഞ്ഞുവിട്ട് അദ്ദേഹം എന്നോടു അടുത്തിരിക്കാന്‍ പറഞ്ഞു.ബെഡ്ഡിനോട് ചേര്‍ന്ന് കസേരയിട്ടു ഇരുന്ന എന്‍റെ കൈകള്‍ ഗുരുനാഥന്‍ കൂട്ടിപ്പിടിച്ചു.എന്തൊക്കെയാണ് ഞങ്ങളുടെ മനസ്സിലൂടെ കടന്നു പോയത്?

Tuesday 3 July 2012

അവിശ്വാസത്തിന്‍റെ പുകച്ചുരുളുകള്‍




   ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ഞങ്ങള്‍.കല്യാണമൊക്കെ കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ ഗോപിനാഥന് പഴയ സുഹൃത്തിനെ ഒന്നു കാണണം.നേരത്തെ ചെന്നിട്ട് പ്രത്യേക പരിപാടികള്‍ ഒന്നുമില്ലാതിരുന്നതുകൊണ്ടു ഞാന്‍ വഴങ്ങി.റോഡ് നിരപ്പില്‍ നിന്നു അല്‍പ്പം ഉയരത്തിലുള്ള വീടിന്‍റെ മതിലില്‍ സുഹൃത്തിന്‍റെ ബോര്‍ഡ് ഉണ്ട്.ആള്‍ ഡോക്റ്റര്‍ ആണ്.പേരിന്‍റെ കൂടെ “നായര്‍” എന്ന വാലുമുണ്ട്.
    
        ബോര്‍ഡിന്‍റെ അടിയില്‍ കണ്ട വാക്കുകള്‍ കൌതുകമുണര്‍ത്തി. “യുക്തിവാദി സംഘം ജില്ലാ പ്രസിഡണ്ട്”. യുക്തിവാദികളെ എനിക്കു പൊതുവേ ഇഷ്ടമാണ്.മതത്തിന്‍റെ,പാര്‍ട്ടിയുടെ അനുയായികളായി നടക്കുന്ന മിക്കവരും മതമോ പാര്‍ട്ടിയോ നല്‍കുന്ന പ്ലാവില ഭക്ഷിക്കുന്ന കുഞ്ഞാടുകളാണ്.വേറിട്ടൊരു ചിന്ത അതുകൊണ്ടുതന്നെ അവര്‍ക്ക് അന്യവുമാണ്.അങ്ങിനെയുള്ള ബഹുഭൂരിപക്ഷത്തിനിടയില്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനെ കാണുക എന്നത് തന്നെ ആഹ്ലാദകരമാണ്.
    സ്വതന്ത്രമായി ചിന്തിക്കുന്ന പല സുഹൃത്തുക്കളും എനിക്കുണ്ട്.അവരോടു സംസാരിക്കുന്നതും കത്തുകളെഴുതുന്നതും ഹരമായി കൊണ്ടുനടക്കുന്ന കാലവുമാണ്.പക്ഷേ ഒരു സംഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ ബുദ്ധിയെയും മനസ്സിനേയും തളയ്ക്കുന്ന ഇടപാട് എനിക്കത്ര പഥ്യമല്ല.സംഘടന ഒരു കൂട്ടായ്മയുടെ ഭാഗമാകും.വ്യക്തിക്കല്ല,സംഘത്തിനാണ് പ്രാധാന്യം.എന്തായാലും ഡയലോഗ് പറയാന്‍ ഒരാളെ കിട്ടിയ സന്തോഷത്തില്‍ ഞാനാ വീട്ടിലേക്ക് കയറി.
    നമ്മുടെ യുക്തിവാദി കറുത്തു തടിച്ചൊരു മധ്യവയസ്കനാണ്.കൈകളിലും മാറത്തും നിറയെ രോമങ്ങള്‍.ചെവിയിലുമുണ്ട് രോമങ്ങള്‍.ആകപ്പാടെ കായികാദ്ധ്വാനം ചെയ്യുന്ന ഒരാളുടെ കെട്ടും മട്ടും.ഗോപിനാഥന്‍ എന്നെ പരിചയപ്പെടുത്തി.ഞങ്ങള്‍ യുക്തിവാദിയുടെ ഓഫീസ് മുറിയിലിരുന്നു സംസാരിക്കാന്‍ തുടങ്ങി.
എനിക്കെന്തോ ബ്ലിറ്റ്സ് കരിഞ്ചിയായേ ഓര്‍മ്മ വന്നു.പുതിയ തലമുറയ്ക്ക് അത്ര ഓര്‍മ്മ കാണണമെന്നില്ല.അറുപതുകളിലും എഴുപതുകളിലും ഇന്ത്യന്‍ യുവത്വത്തെ ഇളക്കി മറിച്ച ബ്ലിറ്റ്സ് എന്ന ദ്വൈവാരികയും ധീഷണാശാലിയായ അതിന്‍റെ പത്രാധിപര്‍ കരിഞ്ചിയായും.അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ നിര്‍ഭയം പടനയിച്ച അതുല്യ പോരാളി. കരിഞ്ചിയാ ഒരു ലക്കത്തില്‍ പ്രഖ്യാപിച്ചു. “ബ്ലിറ്റ്സ്, സായിബാബായുടെ മുഖം മൂടി വലിച്ചു കീറാന്‍ പോകുന്നു.വിശദമായ അന്യോഷണത്തിനും വിലയിരുത്തലുകള്‍ക്കുമായി പത്രാധിപരുടെ നേതൃത്വത്തിലുള്ള സംഘം പുട്ടപ്പര്‍ത്തിയിലേക്ക് നീങ്ങുന്നു” സായിബാബാ, പണ്ഡിതരുടെയും പാമരരുടെയും ആരാധന ഏറ്റുവാങ്ങി മുന്നേറുകയാണ്. സുപ്രീം കോടതി ജഡ്ജിമാര്‍ വരെ ആരാധകരുടെ ഗണത്തിലുണ്ട്.അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറഞ്ഞുപോയാല്‍ തല്ല് കിട്ടാന്‍ ചാന്‍സുള്ള കാലം.എ.ടി.കോവൂര്‍ ബാബയെ വെല്ലുവിളിച്ചിരുന്നെങ്കിലും അതാരും കാര്യമായി എടുത്തിരുന്നില്ല.ശൂന്യതയില്‍ നിന്നും എന്തുവേണമെങ്കിലും സൃഷ്ടിക്കാന്‍ കഴിയുന്ന ബാബയ്ക്ക് കോവൂരുമായി പന്തയം കളിച്ചു ഒരു ലക്ഷം രൂപാ നേടണോ? തമാശക്കും ഒരതിരില്ലെ?
    പക്ഷേ ശരിക്കും തമാശയാണ് പിന്നീട് കണ്ടത്.ബാബയെ തൊലിയുരിഞ്ഞു കാണിക്കാന്‍പോയ കരിഞ്ചിയ ബാബയുടെ ആരാധകനും ഭക്തനുമായി തിരിച്ചു വന്നു.സ്വതന്ത്ര ചിന്തകരുടെ ആശാകേന്ദ്രമായ ബ്ലിറ്റ്സിന്‍റെ അന്ത്യവും കൂടിയായിരുന്നു അത്.
    എനിക്കെന്തോ ഒരു സംശയം.നമ്മുടെ യുക്തിവാദിഡോക്റ്റര്‍ക്ക് കരിഞ്ചിയായുടെ ഒരു ഛായ ഉണ്ടോ?
    എന്നെ സംബന്ധിച്ചാണെങ്കില്‍ ഞാന്‍ ബാബയുടെ ഒരു ആരാധകനാണ്.അത് അദ്ദേഹം ദിവ്യനായതുകൊണ്ടല്ല.ദിവ്യത്വം ഒക്കെ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വയ്യാത്ത കാര്യങ്ങളാണ്.പക്ഷേ അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് നടത്തുന്ന ആശുപത്രികളുടെ ദിവ്യത്വം എനിക്കു മനസ്സിലാകും.ജാതിയോ മതമോ നോക്കാതെ രോഗികള്‍ക്കാശ്രയമായി മാറുന്ന ആ പുണ്യത്തിനു മുന്നില്‍ എങ്ങിനെ നമിക്കാതെയിരിക്കും?
    ഗോപിനാഥന്‍റെ പൊട്ടിച്ചിരി കേട്ടാണ്എനിക്കു പരിസരബോധം ഉണ്ടായത്.സുഹൃത്തുക്കള്‍ എന്തോ തമാശ പറഞ്ഞതാണ്.പക്ഷേ എന്‍റെ കണ്ണെരിയുന്നു.കണ്ണില്‍ പുക കയറിയതുപോലെ.പോലെയല്ല,മുറിമുഴുവന്‍ പുകയാണ്.എന്തോ മണിയൊച്ചയും കേള്‍ക്കുന്നുണ്ട്.
“എന്താ ഡോക്ടര്‍ വല്ലാത്ത പുക” ഞാന്‍ ചോദിച്ചു. 
“ഒരു പൂജ നടക്കുകയാണ്.അതിനിടയിലാണ് നിങ്ങള്‍ വന്നത്.”
യുക്തിവാദി നേതാവിന്‍റെ വീട്ടില്‍ മൃത്യുഞ്ജയ പൂജ…………
ഞാന്‍ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.

Saturday 23 June 2012

കാളക്കൂറ്റന്‍മാരും കരടികളും.




    രാത്രിയില്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്.അന്ന് അല്‍പ്പം നേരത്തെ കിടന്നു.സാധാരണ പതിനൊന്നു മണിക്കുള്ള ഇംഗ്ലീഷ് ന്യൂസ് കേട്ടാണ് ഉറങ്ങാന്‍ പോകുക.കൃഷിസ്ഥലത്ത് പോയിവന്നതിന്‍റെ ക്ഷീണത്തില്‍ ഉറങ്ങിപ്പോയി.

Friday 8 June 2012

കളരി ഗുരുക്കളുടെ മരണം.



    പത്താം തരം കഴിഞ്ഞു ഗോപാലനായി കഴിയുന്ന കാലം.നല്ല മാര്‍ക്കുണ്ടായിരുന്നെങ്കിലും എന്നെ കോളേജിലയക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല.ഏറ്റവും അടുത്ത കലാലയം നാല്‍പ്പത്തഞ്ചു കിലോമീറ്റര്‍ അകലെ കോഴിക്കോട്ടാണ്.ബസ് സൌകര്യമില്ല.ഹോസ്റ്റലില്‍ നില്‍ക്കണം.ഫീസ് വേണം.ഇന്നത്തെപ്പോലെയല്ല. കാഷ് എന്ന സാധനം സുലഭമല്ല.ഒന്നു ആഞ്ഞുപിടിച്ചാല്‍ വേണമെങ്കില്‍ പട്ടണത്തിലെ കോളേജില്‍ വിടാം.പക്ഷേ എന്‍റെ പിതാവിനു ധൈര്യമില്ല.കടം മേടിക്കാന്‍ ഭയങ്കര വിഷമവും, അതിലേറെ ഭയവുമാണ്.തിരിച്ചടക്കാന്‍ നിവൃത്തിയില്ലാതെ ഉള്ളതെല്ലാം നഷ്ടപ്പെടുത്തേണ്ടി വന്നവര്‍ പലരുണ്ട്.

Sunday 27 May 2012

ഡൈക്ക് നിന്‍റെ ഓര്‍മ്മയ്ക്ക്.




         

    സൂയിസൈഡ് പോയന്‍റിന്‍റെ അടിഭാഗത്ത് നടന്നെത്താനുള്ള ഒരു പരിശ്രമത്തിലായിരുന്നു ഞങ്ങള്‍ .വിദ്യാസാഗര്‍,സുബ്ബന്‍,ഞാന്‍ പിന്നെ വഴികാട്ടിയായി ജോസഫും.അതിരാവിലെ കോക്കേഴ്സ് വാക്കിന്‍റെ വലതു ഭാഗത്തൂടെ ഇറങ്ങിത്തുടങ്ങിയതാണ്.രണ്ടു മണിയായിട്ടും എവിടെയുമെത്തിയില്ല.വനവും കുത്തനെയുള്ള ഇറക്കങ്ങളും ഞങ്ങളെ തളര്‍ത്തി.രാത്രിയായാല്‍ വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുമെന്ന ഭയവും.ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.തിരിച്ചു നടക്കുമ്പോള്‍ ഇരുട്ടാകുന്നതിന് മുമ്പു എങ്ങിനെയും തിരിച്ചെത്താനുള്ള വ്യഗ്രതയായിരുന്നു.പക്ഷേ ഇറങ്ങിയതുപോലെ, തിരിച്ചുകയറ്റം അത്ര എളുപ്പമുള്ള പണിയായിരുന്നില്ല.

Tuesday 24 April 2012

വന്മരം മറിഞ്ഞു വീണപ്പോള്‍




 വൈകുന്നേരം ഒരു യാത്രയുണ്ടായിരുന്നു.അതുകൊണ്ടു ഞാനന്ന് ഓഫീസ്സില്‍ പോയില്ല.ശ്രീമതിയും കുട്ടികളും സ്കൂളില്‍ പോയി.  സമയം പന്ത്രണ്ടു മണിയായിട്ടില്ല.റേഡിയോയിലൂടെ വരുന്ന ക്രിക്കറ്റ് കമന്‍ററിയും കേട്ടു വെറുതെ കിടക്കുകയായിരുന്നു ഞാന്‍.കളി മുറുകി വരുന്നു.പെട്ടെന്നു കമന്‍ററിക്ക് പകരം ഉപകരണ സംഗീതം,അതും ചെറിയ ദു:ഖഛവിയിലുള്ളത് കേള്‍ക്കാന്‍ തുടങ്ങി.

Saturday 31 March 2012

ഒരു വരള്‍ച്ചക്കാലത്ത്.






    തിരുനെല്‍വേലിയില്‍ നിന്നു മധുരക്കുള്ള യാത്രയില്‍ വലിയ വലിയ പാലങ്ങള്‍ കാണാം.പക്ഷേ ഒരിടത്തും വെള്ളമില്ല.പുഴയോ ,എന്തിന് ഒരു തോടു പോലുമില്ലാത്ത ഇടങ്ങളിലെല്ലാം ഇത്തരം വലിയ പാലങ്ങള്‍ പണിതതിന്‍റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.അതൊക്കെ പുഴകളായിരുന്നുവെന്നും വറ്റി വരണ്ടുപോയതാണെന്നും ഡ്രൈവര്‍ പറഞ്ഞതും എനിക്കത്ര വിശ്വാസയോഗ്യമായിത്തോന്നിയില്ല.എത്ര വറ്റിയാലും ഇങ്ങനെ വറ്റുമോ?

Friday 16 March 2012

നിഹാരയുടെ കിളിക്കൂട് –ഒരാസ്വാദനം.

 
 

    കഥ ജീവിതത്തിന്‍റെ ഒരു പരിച്ഛേദമാണ്.ആരും ഇല്ലായ്മയില്‍ നിന്നു ഒന്നും സൃഷ്ടിക്കുന്നില്ല. കഥാകാരനും, തനിക്ക് ചുറ്റുമുള്ള ലോകത്തുനിന്ന് തന്നെയാണ് കളിമണ്ണ് ശേഖരിക്കുന്നത്.അയാളുടെ അനുഭവങ്ങള്‍,അയാള്‍ക്കുചുറ്റുമുള്ളവരുടെ അനുഭവങ്ങള്‍,അയാള്‍ പറഞ്ഞുകേട്ട ജീവിതങ്ങള്‍ എല്ലാമാണ് അയാളുടെ അസംസ്കൃത വസ്തുക്കള്‍.ചളി കുഴച്ചുമറിച്ച് അയാളൊരു പുതിയ രൂപം സൃഷ്ടിക്കുന്നു.അടസ്ഥാനപരമായി കളിമണ്ണ് തന്നെയാണ്.പക്ഷേ ശില്‍പ്പിയുടെ മികവനുസരിച്ചു രൂപത്തിന്‍റെ അലകും പിടിയും മാറും.അഴകും സൌകുമാര്യവും കൂടും.ഒരു കഥ,അത് എന്താണെന്നതിലുപരി എങ്ങനെ പറഞ്ഞൂ എന്നതിനാണ് പ്രസക്തി.ഒരു സംഭവം, അതെങ്ങിനെ കാണുന്നു എന്നതാണു കഥാകാരനെ വ്യതിരിക്തനാക്കുന്നത്.എന്തും സാധാരണരീതിയില്‍ കാണുന്നവനല്ല കഥാകാരന്‍.അവന്‍റെ ആറാമിന്ദ്രിയമാണ്,എന്തും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവാണ്, അവനെ വ്യത്യസ്ഥനാക്കുന്നത്.

Saturday 10 March 2012

ഫ്രം കൊഡൈക്കനാല്‍ വിത്ത് ലൌ



ഞങ്ങള്‍ ഒരുമിച്ചാണ് കൊഡൈക്കനാലില്‍ ചെന്നത്.രണ്ടു ലോറി നിറയെ ഉപകരണങ്ങളും കയറ്റി മധുരയില്‍ നിന്നു പുറപ്പെടുമ്പോള് വലിയ ആവേശമായിരുന്നു. സ്വതന്ത്രമായി ഒരു മള്‍ട്ടിപ്ലക്സ് സ്റ്റേഷന്‍(എസ്.റ്റി.ഡി നല്‍കുവാനുള്ള ഉപകരണ ശ്രുംഖല) ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോകുന്നതിന്‍റെ ഹരം.രാജേന്ദ്രനും ഞാനും പരിവാരങ്ങളുമായി കൊഡൈക്കനാലില്‍ എത്തി.

Sunday 26 February 2012

രണ്ടാം ഫ്രഞ്ച് (കേരള) വിപ്ലവം.




     ഞാനൊരു ഹിംസാവാദിയല്ല.ഇന്നുവരെ ആരെയും കൈവെച്ചിട്ടുമില്ല.വിദ്യാര്‍ഥിജീവിതകാലത്ത് ഒരുപയ്യനെ വട്ടംപിടിച്ച് ഞെരുക്കിയതാണ് ഇതുവരെയുള്ള ഏറ്റവുംവലിയഹിംസ.അതങ്ങിനെപറ്റിപ്പോയതാണ്.അടിപിടി നടക്കുന്നിടത്തേക്ക് ഓടിച്ചെന്നപ്പോള്‍ ഒരുപയ്യന്‍ എന്‍റെനേരെ വരുന്നു.സത്യംപറഞ്ഞാല്‍ പേടിച്ച് ഞാനവനെ മുറുക്കെപ്പിടിച്ചു. ചുറ്റും അടിനടക്കുകയാണ്.വിട്ടുപോയാല്‍ അവനെന്നെ തല്ലുമോ എന്നു എനിക്കു പേടി.എന്‍റെ കത്രികപ്പൂട്ടില് പെട്ടുപോയ അവന്‍ “വിടേടാ,വിടേടാ “എന്നു അലറുന്നുണ്ട്.വയസ്സു ഇരുപതു തികഞ്ഞിട്ടില്ലെങ്കിലും അറുപത്തഞ്ചു കിലോ തൂക്കമുണ്ടെന്നിക്ക്.അവന്‍റെ എല്ലുനുറുങ്ങുന്നോ എന്നൊരുസംശയം.പേടിച്ചാണെങ്കിലും ഞാന്‍ പതുക്കെ പിടുത്തം വിട്ടു.രക്ഷപ്പെട്ടു.അവന്‍ തിരിച്ചു തല്ലിയില്ല.പകരം ഒരൊറ്റഓട്ടം വെച്ചുകൊടുത്തു.

Wednesday 22 February 2012

നിങ്ങളുടെ കണ്ണീര്‍ , ഞങ്ങളുടെ പുണ്യം.




    കര്‍ത്താവില്‍ ഏറ്റവും പ്രിയമുള്ള ആന്‍സിമോള്‍ക്ക് സിസ്റ്റര്‍ ബെറ്റ്സീ മരിയ എഴുതുന്നതു.

എന്നാലും എന്‍റെ ആന്‍സിമോളെ നിനക്കു ഈ ഗതി വരുമെന്നു ഞാനൊരിക്കലും കരുതിയില്ല.ദാരിദ്ര്യത്തിലാണെങ്കിലും നല്ല ദൈവഭയമുള്ള കുടുംബത്തിലാണ് നീ പിറന്നത്.നല്ല അനുസരണയും ദൈവഭയവുമുള്ള കുട്ടിയാണ് എന്നു എല്ലാവരെയുംകൊണ്ടു പറയിപ്പിച്ചാണ് നീ വളര്‍ന്നത്.എന്നും വിശുദ്ധ കൂര്‍ബ്ബാനയില്‍ പങ്കുകൊള്ളുകയും ഭക്തസംഘടനകളിലെല്ലാം സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന നീ പത്താംക്ലാസ്സ് കഴിഞ്ഞാല്‍ നേരെ മഠത്തില്‍ ചേരുമെന്ന് മറ്റുള്ളവരെപ്പോലെ ഞാനും കരുതിയിരുന്നു.പക്ഷേ പത്താം ക്ലാസ്സില്‍ തൊണ്ണൂറു ശതമാനം മാര്‍ക്ക് മേടിച്ച നീ പള്ളിവക സ്കൂളില്‍ പ്ലസ്ടുവിനു ചേര്‍ന്നു.മറ്റുള്ള കുട്ടികളുടെ കയ്യില്‍ നിന്നു 5000 രൂപ വെച്ചു മേടിച്ചിരുന്നെങ്കിലും ,നിന്‍റെ വീട്ടിലെ വിഷമമറിയാവുന്ന തൊട്ടിപ്പറമ്പിലച്ചന്‍ നിന്നോടു 4500 രൂപയേ മേടിച്ചുള്ളൂ.എന്നാലും നിന്‍റെ അപ്പച്ചന്‍ കഷ്ടപ്പെട്ടാണ് നിന്നെ പഠിപ്പിച്ചതെന്ന് എനിക്കറിയാം.

Tuesday 7 February 2012

പിള്ളയുടെ പുള്ള.




    അങ്ങിനെ ആ വിധി ദിവസം സമാഗതമാകാന്‍ പോകുന്നു.കേരള കോണ്ഗ്രസ് (ബി) യുടെ നേതൃ യോഗം കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കയാണ്.മന്ത്രി ഗണേഷ്കുമാറിന്റെ അന്തസ്സില്ലാത്ത പെരുമാറ്റത്തില്‍ ക്ഷുഭിതരായ നേതൃ നിരയെ അടക്കാന്‍,സാന്ത്വനിപ്പിക്കാന്‍ പാര്‍ട്ടിയുടെ  പരമാത്മാവും ജീവാത്മാവുമായ അച്ഛന്‍ പിള്ള കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു.പക്ഷേ വൃദ്ധനും രോഗിയും മനോരോഗിയുമായ ഈ അച്ഛന്‍ തടുത്താല്‍ പിള്ളകുലം തകരാതിരിക്കുമോ? എനിക്കു സംശയമാണ്.ടി.വി.ചാനലുകളെല്ലാം ഫ്ലാഷ് ന്യൂസ് കൊടുത്തുകൊണ്ടിരിക്കയാണ്.എന്തെങ്കിലും അരുതാത്തത് സംഭവിക്കുമോ എന്ന ഭീതിയോടെ ഞാന്‍ ടി.വി.തുറന്നു വെച്ചിരിക്കയായിരുന്നു.ഇപ്പോള്‍ ബിരിയാണി ബ്രേയ്ക്ക് ആയത് കൊണ്ടാണ് ഞാന്‍ കംപ്യുട്ടര്‍ തുറന്നത് തന്നെ.

Wednesday 1 February 2012

കഞ്ചാവ് വലിക്കുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍




        മുള്ളരിങ്ങാട് വിടുമ്പോള്‍ രാത്രിയായി.കയ്യില്‍ വെളിച്ചമില്ല.യാത്ര പുറപ്പെടുമ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന ചെറിയ ടോര്‍ച്ച് പണിമുടക്കി.ഞങ്ങള്‍ മൂന്നുപേരും,ജോര്‍ജ് വര്‍ക്കി, സെബാസ്റ്റ്യന്‍ ,ഞാന്‍ എന്തായാലും യാത്ര തുടരാന്‍ തീരുമാനിച്ചു.ഒരു പന്തം ഉണ്ടാക്കാം എന്നു കരുതി അങ്ങാടി മുഴുവന്‍ തിരഞ്ഞെങ്കിലും ഒരിടത്തും ഒരു തുള്ളി മണ്ണെണ്ണ പോലുമില്ല.ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞിട്ടേയുള്ളൂ.ചിര വൈരിയായ പാക്കിസ്ഥാനെ മലര്‍ത്തിയടിച്ചതിന്‍റെ സന്തോഷത്തിലാണ് രാജ്യം.പക്ഷേ ഭണ്ഡാരത്തില്‍ ഒന്നുമില്ല.കൂടാതെ അമേരിക്കയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിലക്കും.അഭിമാനത്തിന്‍റെയും വറുതിയുടെയും കാലം.

Monday 23 January 2012

മുല്ലപ്പെരിയാറിന്‍റെ ബാക്കി പത്രം.



          മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയത്തേകുറിച്ചും പുതിയ അണ കെട്ടുന്നതിനെക്കുറിച്ചും ഉള്ള കോലാഹലങ്ങള്‍ കെട്ടടങ്ങി.എന്തിന്,ഈ വിഷയത്തില്‍ ഒരു ബന്ദ് നടന്നത് പൊളിഞ്ഞു പാളീസായി.ഏത് നീര്‍ക്കോലി ബന്ദ് പ്രഖ്യാപിച്ചാലും ഉല്‍സാഹത്തോടെ  അത് നെഞ്ചിലേറ്റുന്ന നാടാണ് നമ്മുടേത്.ഇപ്രാവശ്യം,ഇടുക്കി ജില്ലക്ക് പുറത്തുള്ളവര്‍ ബന്ദാഹ്വാനം നിഷ്ക്കരുണം തള്ളിക്കളഞ്ഞു.കടകള്‍ തുറന്നു,വാഹനങ്ങള്‍ പതിവ് പോലെ ഓടി,വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു.എന്തിന്,ബന്ദാഹ്വാനം ഉല്‍സവമാക്കിമാറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പോലും ഓഫീസുകളിലെത്തി.

Sunday 15 January 2012

വെടക്കാക്കി തനിക്കാക്കുന്നവര്‍


 


ദീര്‍ഘകാലമായി  സൌഹൃദം ഉള്ള ഒരു സ്ത്രീ ഒരിക്കല്‍ പറഞ്ഞു.

“എന്തു ചെയ്താലും ,എത്ര നന്നായി ചെയ്താലും മേലധികാരി ചീത്ത പറയുന്നു.സന്തോഷകരമായി ജോലി ചെയ്യാന്‍ പറ്റുന്നില്ല.ട്രാന്‍സ്ഫര്‍ വാങ്ങി എങ്ങോട്ടെങ്കിലും പോയാലോ എന്നു കരുതുകയാണ്”

Friday 6 January 2012

ഒരു ധീര യുവാവിന്‍റെ പരോപകാര ശ്രമങ്ങള്‍



        സ്ത്രീകളുടെ മുന്നില്‍ അല്‍പ്പം ധൈര്യം  പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരം ഏത് ചെറുപ്പക്കാരനാണ് ഉപയോഗിക്കാതിരിക്കുക ? ഞാനും അത്രയേ ആഗ്രഹിച്ചുള്ളൂ. ഒരു സന്ധ്യക്ക് “അമ്മ വിളിക്കുന്നു” എന്നു പ്രസാദ്  വന്നു പറഞ്ഞപ്പോള്‍ അതൊരു പാരയാകും എന്നു കരുതിയില്ല. ഒട്ടും വൈകാതെ  ഓടിച്ചെന്നു. സന്ധ്യ ആകാന്‍ പോകുന്നു. ചേച്ചിയും കുട്ടികളും റോഡില്‍ നില്‍ക്കുകയാണ്.

Tuesday 3 January 2012

ചില നക്സലൈറ്റ് പരീക്ഷണങ്ങള്‍



                    അതി രാവിലെ വാതിലില്‍ മുട്ടുന്നത്   കേട്ടാണ് ഉണര്‍ന്നത്.മുന്നില്‍ ഹമീദ്.കൊശവന്‍സ് ലോഡ്ജിലെ രണ്ടാമത്തെ വിദ്യാര്‍ഥി.
"എന്താടാ അതിരാവിലെ?"
അവന്‍ എന്‍റെ മുറിയില്‍ കയറി വാതില്‍ ചാരി .
"ചേച്ചി  നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെയല്ല.  ആള് പെഴയാ
എന്ത് പറ്റി.
ഇന്നലെ രാത്രീ ,ഒരു പന്ത്രണ്ടര കഴിഞ്ഞപ്പോള്‍ അവര് വാതില്‍ തുറന്നു.ഒരാളെ ഇറക്കി വിട്ടു.ലൈറ്റ് ഇടാതെയാണ് അയാളെ പുറത്തിറക്കി വിട്ടത്.
നീ എങ്ങിനെയാ ഇത് കണ്ടത്?
ശബ്ദം കേട്ട് ഞാന്‍ എഴുന്നേറ്റു ജനാലയില്‍ കൂടി നോക്കുമ്പോള്‍ ,അവര് രഹസ്യമായി അയാളെ ഇറക്കി വിടുന്നു.
എന്തെങ്കിലുമാവട്ടെ.നമുക്കെന്താ?"

                   റോഡിന്‍റെ ഇരു വശങ്ങളിലുമായാണ് ഞങ്ങളുടെ താമസം.ടൌണില്‍ ഹോട്ടല്‍ നടത്തുന്ന മാധവന്‍ നായര്‍ക്കു ഭാര്യയും മൂന്നു കുട്ടികളുമുണ്ട് .മാധവന്‍ നായര്‍ അറിയപ്പെടുന്ന നക്സലൈറ്റു അനുഭാവിയാണ്.രാത്രി എപ്പോഴെങ്കിലുമേ വീട്ടില്‍ വരൂ.ഹോട്ടലും രാഷ്ട്രീയവും ആണ് പ്രധാനം.ഭേദപ്പെട്ട മദ്യപാനിയുമാണ്.ഞങ്ങള്‍ക്ക് അന്യോന്യം അറിയാം.
മുപ്പത്തഞ്ചു -നാല്‍പ്പതു വയസ്സുള്ള ചേച്ചി ആ പ്രായത്തിലും നല്ല സുന്ദരിയാണ്.മക്കള്‍ -കുമാരി ആറാം ക്ലാസ്സില്‍.ജയ നാലില്‍. പ്രസാദ് രണ്ടില്‍.ചേച്ചിയും മക്കളുമായി ഞങ്ങള്‍ നല്ല സൌഹൃദത്തിലാണ്.വൈകുന്നേരങ്ങളില്‍ സൗഹൃദം കൂടാന്‍ കുട്ടികളെത്തും .മൂന്നു പേരും നല്ല മിടുക്കരാണ്.........

                      പിറ്റേന്ന് രാവിലെയും കതകില്‍ മുട്ടുന്നത് കേട്ടാണ് ഞാനുണര്‍ന്നത്.മുന്നില്‍ ഹമീദ്.അവന്‍ പതിഞ്ഞ ശബ്ദത്തില്‍ എന്നെ പുറത്തേക്കു വിളിച്ചു.മാധവന്‍ നായരുടെ വീടും പരിസരവും പോലീസ് വളഞ്ഞിരിക്കുന്നു.ഒരു പത്തു മുപ്പതു പേരെങ്കിലും ഉണ്ട്.രണ്ടു എസ്.ഐ.മാരും സര്‍ക്കിളും   റിവോള്‍വര്‍ കയ്യില്‍ എടുത്തു പിടിച്ചിട്ടുണ്ട്.വീട് പരിശോധിക്കുകയാണ്.മാധവന്‍ നായര്‍ വീടിന്‍റെ ഇളം തിണ്ണയിലിരുന്നു ബീഡി വലിക്കുന്നു.ഭയന്ന കുട്ടികളെ ചേച്ചി ചേര്‍ത്ത് പിടിച്ചിട്ടുണ്ട്.ഒരു അര മണിക്കൂര്‍ കൊണ്ട് പരിശോധന തീര്‍ന്നു.തിരിച്ചു പോകാനിറങ്ങിയ സര്‍ക്കിളിനെ നായര്‍ തടഞ്ഞു.ഒന്നും രണ്ടും പറഞ്ഞു വഴക്കായി.സുഹൃത്തുക്കളായ ചില പോലീസുകാര്‍ എങ്ങിനെയോ "മാച്ചേട്ടനെ "  സമാധാനിപ്പിച്ചു .

                ഈ സമയം കൊണ്ട് ചെറിയൊരാള്‍ക്കൂട്ടമായി .ലോഡ്ജിലെ അന്തേവാസികളും,അയല്‍പക്കക്കാരും അടങ്ങിയ ചെറു സദസ്സിനു മുന്‍പില്‍ നായര്‍ വാചാലനായി."അവര് മൂഞ്ചും,അവര് ഫിലിപ്പ് .എം.പ്രസാദിനെ തപ്പിയിറങ്ങിയതാ,മൂഞ്ചത്തെ ഉള്ളൂ ."

              പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം നടന്ന കാലമാണ്.കുന്നിക്കല്‍ നാരായണനും,മന്ദാകിനിയും ,അജിതയുമെല്ലാം പോലീസ് പിടിയിലായി.വര്‍ഗ്ഗീസിനെ കൊന്നു കഴിഞ്ഞു.ഫിലിപ്പ് .എം.പ്രസാദിനെ മാത്രം പിടികിട്ടിയിട്ടില്ല.ഇവിടെയും പോലീസിനു പിഴച്ചു.കാരണം
പോലീസുകാര്‍ തന്നെ ഒറ്റുകാരായുണ്ടായിരുന്നു.

                ദ്രവിച്ച സാമൂഹ്യ വ്യവസ്ഥിതിക്കു  എതിരായി ഏതാനും മനുഷ്യര്‍ സ്വയം ബലികൊടുത്ത കാലമായിരുന്നു അത്‌.അവിടുന്നും ഇവിടുന്നും സംഘടിപ്പിച്ച നാടന്‍ തോക്കുകളുമായി വിപ്ലവം നടത്താന്‍ പുറപ്പെട്ടവര്‍.മാവോ സേതുങ്ങിനെ ആചാര്യ സ്ഥാനത്ത്  നിര്‍ത്തി വിപ്ലവത്തിന്‍റെ കാഞ്ചി വലിച്ചവര്‍. എല്ലാവരും പിടിക്കപ്പെട്ടു.പ്രസാദ് ഒഴികെ.

              മാധവന്‍ നായര്‍ അമ്പതു കഴിഞ്ഞ കൃശ ഗാത്രനാണ്.മിക്കപ്പോഴും അല്‍പ്പം കഴിച്ചിട്ടുമുണ്ടാവും.പക്ഷെ ആളൊരു പഴയ കാല സിംഹം തന്നെ.വൈകുന്നേരം തന്‍റെ രണ്ടു അള്‍സേഷന്‍ നായ്ക്കളുമായി നായര്‍ പോലീസ് ക്ലബ്ബിലേക്ക് ചെന്നു.നായരുടെ അള്‍സേഷന്‍ നായ്ക്കള്‍  പ്രസിദ്ധരാണ്.സിനിമകളിലൊക്കെ വന്നിട്ടുണ്ട്.കണ്ടാലേ ഭയമാകും.നായ്ക്കളുമായി നേരെ അകത്തേക്ക് കയറി.സര്‍ക്കിളിന്‍റെ നേരെ ചെന്നു.പലരും സമാധാനിപ്പിക്കാനും,പിന്തിരിപ്പിക്കാനും നോക്കുന്നുണ്ട്.പക്ഷെ ഫലമില്ല.അപകടം മണത്ത സി.ഐ.തോക്കെടുത്തു.ചീത്ത വിളിക്കുന്ന നായരുടെയും മുറുമുറുക്കുന്ന നായ്ക്കളുടെയും  മുന്നില്‍  സര്‍ക്കിള്‍ ആകെ പതറി.എല്ലാവരും കൂടി മാച്ചേട്ടനെ ഒരു വിധം സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു.

                ഇതിനിടെ പത്ത് കിലോമീറ്റര്‍ അകലെ ഒരു ഗ്രാമത്തില്‍ നിന്നു ഫിലിപ്പ്.എം.പ്രസാദ് പോലീസ് പിടിയിലായി.

                നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും,പത്രക്കാരും നക്സലൈറ്റുകളെ ഭീകരന്മാരും കൊലപാതകികളുമായാണ് അവതരിപ്പിച്ചത്.ജനങ്ങളുടെ സ്വൈര ജീവിതം അസാധ്യമാക്കുന്ന തെമ്മാടികള്‍.പക്ഷെ നാട്ടിലെ ചിന്തിക്കുന്ന യുവത്വത്തിനു അവര്‍ വിമോചകരായി.സ്വയം നഷ്ട്ടപ്പെടുത്തി അവര്‍ ചെയ്ത  cleaning സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കി.കൊള്ളപ്പലിശക്കാര്‍ക്കും, മാടമ്പി മാര്‍ക്കും നിലപാട് മാറ്റേണ്ടി വന്നു.

               യുവാക്കള്‍ നക്സലൈറ്റുകളുടെ ആരാധകരായി.സമൂഹത്തിനു വേണ്ടി സ്വയം നശിക്കുന്ന അവരോടു എനിക്കും ആരാധന തോന്നി.നാടന്‍ തോക്കുമായി വിപ്ലവം നടത്തുന്നത് അസാധ്യമാണ് എന്ന് മനസ്സിലാക്കാഞ്ഞിട്ടല്ല.ഇന്ത്യയുടെ പൈതൃകം ഇത്തരം സാഹസങ്ങള്‍ക്ക്‌ അനുയോജ്യമല്ല എന്നറിയുകയും ചെയ്യാം.പക്ഷെ നടക്കാത്ത കാര്യത്തിനു വേണ്ടി ആണെങ്കിലും,ഒരു വിശ്വാസത്തിന്‍റെ പേരില്‍ സ്വന്തം ജീവിതം നഷ്ട്ടപ്പെടുത്തുന്നവരെ വെറുതെ തള്ളിക്കളയാന്‍ വയ്യ.

                 അവധി ദിവസങ്ങളില്‍ മാധവന്‍ നായരുമായി രാഷ്ട്രീയം പറഞ്ഞിരിക്കുന്നത് ഒരു പതിവായി.പല കാര്യങ്ങളും ഞങ്ങള്‍ കണ്ടത് വ്യത്യസ്തമായി തന്നെയാണ്.അങ്ങിനെയിരിക്കുമ്പോള്‍ മാച്ചേട്ടന്‍ കുറച്ചു പുസ്തകങ്ങള്‍ കൊണ്ട് തന്നു.അന്ന് നിരോധിക്കപ്പെട്ടിരുന്ന മാവോയുടെ ചില രചനകള്‍.ഒരു പുതു ക്രിസ്ത്യാനിയുടെ ഉത്സാഹത്തോടെ  ഞാനതെല്ലാം വായിച്ചു തീര്‍ത്തു.

                മാവോയെ മുന്‍ നിര്‍ത്തി ഇന്ത്യന്‍ വിപ്ലവകാരികള്‍ നടത്തുന്നത് ഒരു പാഴ് വേലയാണ് എന്നെനിക്കു മനസ്സിലായി.മാവോ എഴുതി -വിപ്ലവം ഒരിക്കലും ഇറക്കുമതി ചെയ്യാനുള്ളതല്ല.ഓരോ രാജ്യത്തിനും വിപ്ലവത്തിന്റെ വഴികള്‍ വേറെ വേറെയാണ്.അത്‌ ആ മണ്ണില്‍ നിന്നു ,ആ സംസ്കാരത്തില്‍ നിന്നു പൊട്ടിക്കിളുര്‍ത്തു വരണം........(ഓര്‍മ്മയില്‍ നിന്നു എഴുതിയതാണ്.)

              മാര്‍ഗ്ഗം ശരിയല്ലായിരുന്നു എങ്കിലും,ചെയ്തത് പലതും തെറ്റായിരുന്നു എങ്കിലും,ഒരു നല്ല നാളെ സ്വപ്നം കണ്ട വിപ്ലവകാരികളെ,നിങ്ങള്‍ക്ക്‌ ഒരു വൈറ്റ് സല്യുട്ട് .
http://vettathan.blogspot.com
Related Posts Plugin for WordPress, Blogger...