Monday 30 December 2013

ക്ലിയോപാട്ര




   
ഞാന്‍ ഇന്നലെ ക്ലിയോപാട്രയെ കണ്ടു. കൊശവന്‍ കൃഷ്ണപ്പിള്ളയുടെ ശ്രീകൃഷ്ണാ ലോഡ്ജിന്‍റെ മുന്നിലൂടെ പോകുന്ന രാജവീഥിയിലൂടെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു തമ്പുരാട്ടി.  



    ആറാം നമ്പര്‍ മുറിയുടെ മുന്നില്‍ ,വിടരാത്ത ചെമ്പരത്തിപ്പൂ മാത്രം പൂക്കുന്ന എന്‍റെ പൂന്തോട്ടത്തിലേക്കു നോക്കിയിരിക്കുകയായിരുന്നു ഞാന്‍. എന്‍റെ മുന്നില്‍ മാദക സൌന്ദര്യം കൊണ്ട് ലോകത്തെ വിഭ്രമിപ്പിച്ച മാദകത്തിടമ്പു. കണ്‍മുന കൊണ്ട് ചക്രവര്‍ത്തിമാരെ അമ്മാനമാടിയ മായാമോഹിനി.

   

എന്‍റെ സ്വപ്നങ്ങളിലെ മഹാറാണി ഇളം മഞ്ഞ സാരി ചുറ്റിയിരുന്നു. കയ്യില്‍ കരി വളകള്‍ .കവിളില്‍ പൌഡര്‍  .ചുണ്ടില്‍ ലിപ്സ്റ്റിക്ക്. (എന്‍റെ പ്രണയിനി ചെയ്യുന്നതുപോലെ വിടരാത്ത ഒരു ചെമ്പരത്തിപ്പൂ മഹാറാണിക്ക് ചൂടാമായിരുന്നു. )

   

മഹാറാണി തനിച്ചല്ല. ചുറ്റും ഏഴെട്ട് അകമ്പടിക്കാര്‍ . കൈലിമുണ്ടും വട്ടക്കെട്ടും വേഷം. ചുണ്ടില്‍ ബീഡിക്കറ. ഇവരുടെ  വാളുകള്‍ എവിടെപ്പോയി?



എനിക്കാകെ വിഷമമായി.

എവിടെ വാളുകള്‍  ?

എവിടെ വെണ്‍ ചാമരം ?

എവിടെയാണ് പന്തികേട് ?



ഒരു മണിക്കൂര്‍ കഴിഞ്ഞു മഹാറാണി തിരിച്ചെഴുന്നെള്ളി. ദ്രുതഗതിയിലായിരുന്നു ചലനം. കയ്യില്‍ കരിവളകളില്ല. ചുണ്ടില്‍ ലിപ്സ്റ്റിക്ക് ഇല്ല.



സര്‍വ്വോപരി- അകമ്പടിക്കാരില്ല.



പരിഷകള്‍ എവിടെപ്പോയി?



“തമ്പുരാട്ടീ........” സ്വരം എന്‍റെ കണ്ഠത്തില്‍ തടഞ്ഞു.

എന്‍റെ മഹാറാണി തിരിഞ്ഞു നോക്കി. വേദന കലര്‍ന്ന ഒരു മന്ദഹാസം സമ്മാനിച്ചു നടന്നു നീങ്ങി.

“എന്‍റെ പൊന്നു തമ്പുരാട്ടീ .......”



(1970ല്‍ എഴുതിയത്)

വെട്ടത്താന്‍

 


Friday 13 December 2013

ഒരു പ്രണയ ഗീതം.



(ഇതൊരു പഴയ കവിതയാണ് (?) വിദ്യാര്‍ത്ഥി കാലത്തുള്ളത്. പ്രണയം  ക്ലച്ച് പിടിക്കാതിരുന്നത് കൊണ്ട് കവിയുടെ (കവിതയുടെ ) കൂമ്പു വാടിപ്പോയി. )

ഓര്‍മ്മയില്‍ നിന്നു എടുത്തെഴുതുന്നു.…


ഉല്‍ക്കടം ഹൃത്തിന്‍ മോഹം 

ചിറകിട്ടടിക്കുന്നെന്‍

സ്വപ്നചാരിണിപ്പക്ഷി

നിന്നടുത്തണയുവാന്‍


ഉല്‍സ്സുകം മമ ഹൃത്തിന്‍

തന്ത്രിയിലോരായിരം

രാഗമാലികള്‍

നിന്‍ കഴുത്തിലണിയുവാന്‍.




ഉണരുമവാച്യാമാം

രോമഹര്‍ഷങ്ങളെത്ര

നിന്‍ നറും ചിരി തന്നില്‍

ചിരം ജീവിയായ്ത്തീരാന്‍ .




അലറും തിരകളെ

ന്നലയാഴിയിലെത്ര

അഭയം തീരങ്ങളില്‍

നുരയായലിയുവാന്‍.......

വെട്ടത്താന്‍
 
Related Posts Plugin for WordPress, Blogger...